Ultimate magazine theme for WordPress.

ജെ.എന്‍.യു ലെ ആക്രമണത്തിന് പിന്നില്‍ ഇടത്- മാവോയിസ്റ്റ് സംഘടനകളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ജെ.എന്‍.യു ല്‍ ഇടത്-മാവോയിസ്റ്റ് സംഘടനകളുടെ ആഹ്വാനം തള്ളി പുതിയ സെമസ്റ്ററിലേക്ക് വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രകോപിതരായതിനാല്‍ ആക്രമണത്തിന് പിന്നില്‍ ഇടത്- മാവോയിസ്റ്റ് സംഘടനകളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറയുന്നു.

സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിന്റെ പേരില്‍ 70 ദിവസമായി നടത്തിവരുന്ന സമരം ഫീസ് കുറച്ചിട്ടും തുടരുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ കാരണമെന്താണെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും മുഖംമറച്ചുവന്ന് സ്വന്തം ആളുകളെ തല്ലിച്ചതച്ച ശേഷം ഒരുപറ്റം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കലാലയങ്ങളിലെ അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. എന്നാല്‍, ആരാണ് ഈ അക്രമങ്ങള്‍ക്ക് കാരണക്കാരെന്നത് മാറ്റി നിര്‍ത്തി ഒരു ചര്‍ച്ചയും ശരിയല്ല. ജെഎന്‍യുവിലുണ്ടായ അക്രമസംഭവങ്ങളിലെ മുഖംമൂടിധാരികള്‍ എബിവിപിക്കാര്‍ ആണെന്ന് സ്ഥാപിക്കാന്‍ ഇപ്പോള്‍ കൊണ്ടു പിടിച്ച പ്രചാരണമാണല്ലോ. കഴിഞ്ഞ സമരത്തില്‍ നാശനഷ്ടമുണ്ടാക്കിയ ഇടതു വിദ്യാര്‍ത്ഥി സംഘടനക്കാര്‍ ഇത്തവണ ആളറിയാതിരിക്കാന്‍ മുഖംമൂടിയിട്ട് വന്ന് സ്വന്തം ആളുകളെ തല്ലിച്ചതച്ച ശേഷം ഒരു പറ്റം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാരിനെ പഴിക്കുകയാണ്.

അക്രമികളാരെന്ന് കണ്ടെത്തി അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ജെഎന്‍യു സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് കടന്നതായാണ് മനസിലാക്കുന്നത്. പുതിയ സെമസ്റ്ററിലേക്കുള്ള രജിസ്ട്രേഷന്‍ ബഹിഷ്‌കരിക്കാനുള്ള ഇടത് – മാവോയിസ്റ്റ് സഖ്യത്തിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ 2200 ഓളം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതാണ് ഇപ്പോഴത്തെ കയ്യാങ്കളിയിലെത്തിയ പ്രശ്നം. ജനുവരി 3 ന് ജെഎന്‍യു മുന്‍പ്രസിഡന്റ് ഗീത കുമാരിയുടെ നേതൃത്വത്തില്‍ മുഖം മറച്ചെത്തിയ ഇടത് – മാവോയിസ്റ്റ് ഗുണ്ടകള്‍ സ്‌ക്കൂള്‍ ഓഫ് ബയോടെക്നോളജിയില്‍ പ്രവേശിക്കുകയും രജിസ്ട്രേഷനായി ഉപയോഗിക്കുന്ന സെര്‍വര്‍ തകര്‍ക്കുകയും ജെഎന്‍യുവിന്റെ WIFI വിച്ഛേദിക്കുകയും ചെയ്തു.

ജനുവരി 4 ന് ABVP പ്രവര്‍ത്തകര്‍ സെര്‍വര്‍ റൂം ഗുണ്ടകളില്‍ നിന്ന് മോചിപ്പിക്കാന്‍ CIS ലേക്ക് പോയപ്പോഴാണ് ആദ്യ ആക്രമണം. ജെഎന്‍യു സുരക്ഷാ വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇടത് ഗുണ്ടകളെ പുറത്താക്കി സെര്‍വര്‍ നന്നാക്കി. ഇതിന്റെ അരിശം തീര്‍ക്കാനാണ് ജനുവരി 5 ന് വൈകുന്നേരം 4 മണിയോടെ JNU വിദ്യാര്‍ത്ഥി യൂണിയന്‍ (JNUSU) പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ മുഖം മറച്ചെത്തിയ മുന്നൂറോളം ഇടത് – മാവോയിസ്റ്റ് ഗുണ്ടകള്‍ മാവോയിസ്റ്റ് ശൈലിയില്‍ എബിവിപി പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ആക്രമിച്ചത്.

മാധ്യമങ്ങളുടെ സഹായത്തോടെ ഇതെല്ലാം മൂടിവച്ചാലും സത്യം പുറത്തു വരും.70 ദിവസമായി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ JNU സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനയുടെ പേരില്‍ നടത്തുന്ന സമരം ഫീസ് കുറച്ചിട്ടും തുടരുന്നതിന്റ പിന്നില്‍ രാഷ്ട്രീയ കാരണമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?

Comments are closed.