EBM News Malayalam

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് 11, 12 തീയതികളില്‍ ഫ്‌ലാറ്റുകള്‍ക്ക് ചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് 11, 12 തീയതികളില്‍ ഫ്‌ലാറ്റുകള്‍ക്ക് ചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. 11ന് ഹോളിഫെയ്ത്ത് ഫ്‌ലാറ്റ് തന്നെ ആദ്യം പൊളിക്കാനുള്ള സാങ്കേതിക സമിതിയുടെ തീരുമാനം ഇന്നലെ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഉറപ്പിച്ചു. പരിസരത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ വിപണിമൂല്യം അനുസരിച്ച് പരിഹരിക്കുന്നതുമാണ്.

11ന് രാവിലെ 9ന് നിലവില്‍ വരുന്ന നിരോധനാജ്ഞ അന്നന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാകും വരെ നിലനില്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി. ഫ്‌ലാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ നാല് സൈറണ്‍ വീതം മുഴക്കും. സ്‌ഫോടനത്തിന് അരമണിക്കൂര്‍ മുമ്പ് ഒരു മിനിട്ട് നീളുന്ന മുന്നറിയിപ്പ് സൈറണ്‍ ആദ്യം. അഞ്ച് മിനിട്ട് മുമ്പ് ഗതാഗതം നിറുത്താന്‍ ഒരു മിനിട്ട് സൈറണ്‍. ഒരു മിനിട്ട് മുമ്പത്തെ സൈറണ്‍ സ്‌ഫോടനം തീരും വരെയുണ്ടാകും. സ്‌ഫോടനം നടന്ന് രണ്ട് മിനിട്ടിന് ശേഷം 30 സെക്കന്റ് സൈറണ്‍ ഫയര്‍ ടെക്‌നീഷ്യന്‍ എന്‍ജിനിയര്‍മാര്‍ക്കാണ്.