മരട് ഫ്ളാറ്റ് പൊളിക്കല്‍ നടപടികളില്‍ ഇന്ന് ചേരുന്ന സാങ്കേതിക സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും
തിരുവനന്തപുരം: മരടില്‍ അനധികൃതമായി പണിത മരട് ഫ്ളാറ്റ് പൊളിക്കല്‍ നടപടികളില്‍ ഇന്ന് ചേരുന്ന സാങ്കേതിക സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഹോളിഫെയ്ത്തിലെ 19നിലകള്‍ ആദ്യം പൊളിക്കാനായിരുന്നു ധാരണയായതെങ്കിലും ഇന്നലെ മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജയിന് കോറല്‍ കോവ് ആദ്യം പൊളിക്കാന്‍ തീരുമാനിക്കുകയും ഫ്ലാറ്റ് പൊളിക്കുന്നതിനിടെ സമീപവാസികള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കണമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പട്ടിണി സമരം നടത്തിയവരുടെ ആശങ്കകള്‍ അകറ്റണമെന്ന് മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
എം.സ്വരാജ് എം.എല്‍.എ, ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുടെ സ്പെഷ്യല്‍ ഓഫീസര്‍ സ്നേഹില്‍കുമാര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറി ടി.കെ.ജോസ്, മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എച്ച്.നദീറ, വൈസ് ചെയര്മാന് ബോബന് നെടുംപറമ്പില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിശ പ്രതാപന്, എറണാകുളം എ.ഡി.എം, സമരസമിതി പ്രതിനിധികളായ ഷാജി, പ്രകാശന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് പരിസര വാസികളെ തേവര എസ്.എച്ച് , പനങ്ങാട് ഫിഷറീസ് കോളേജുകളിലേക്ക് മാറ്റും. നാശനഷ്ടം സംഭവിക്കുന്ന വീടുകള്‍ക്ക് തുക നല്‍കുന്നതിനെക്കുറിച്ചും ധാരണയായിരുന്നു. ജനവാസം കുറഞ്ഞ മേഖലയിലുള്ള ജയിന് കോറല്‍ കോവ് ആദ്യം പൊളിക്കുന്നതാണ്. ഈമാസം 11മുതല്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങാന്‍ നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ഇന്ന് ചേരുന്ന സാങ്കേതിക സമിതി യോഗത്തിലേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു. അതിനായി പൊളിക്കുന്നതിനുള്ള സമയക്രമവും ഇന്ന് തീരുമാനിക്കും.