Ultimate magazine theme for WordPress.

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ഉദ്ഘാടനം

വടകര: വടകര വള്ളിക്കാട്ടില്‍ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം വടകര ഓര്‍ക്കാട്ടേരിയില്‍ ഒരുങ്ങുന്ന ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ആര്‍എംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്‌ല ഉദ്ഘാടനം ചെയ്യുന്നു. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് വടകരയില്‍ നടക്കുന്ന ടി പി അനുസ്മരണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്. ടി പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതില്‍ നിന്ന് പിന്‍മാറി.

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കാനം പിന്‍മാറിയതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നാലെ ആര്‍എംപിയും സിപിഎമ്മും തമ്മില്‍ കടുത്ത സംഘര്‍ഷം ഉള്ള സമയത്ത് പോലും സിപിഐ നേതാക്കള്‍ ആര്‍എംപി സംഘടിപ്പിച്ചിരുന്ന സെമിനാറുകളില്‍ പങ്കെടുത്തിരുന്നു. സിപിഎം സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ പിന്‍മാറ്റത്തിന് കാരണമെന്നും ആര്‍എംപി ആരോപിക്കുന്നത്.

2012 മെയ് നാലിന് രാത്രി ഒമ്പതരയോടെ വടകര വള്ളിക്കാട്ട് വെച്ചാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.75 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 12 പേരെ കോടതി ശിക്ഷിച്ചു. കൊലയാളി സംഘത്തിലെ ഏഴുപേരും ഗൂഢാലോചന കുറ്റത്തിന് മൂന്ന് സിപിഎം നേതാക്കളും ജയിലിലാണ്.

Comments are closed.