‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു’; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്| cpm Document on Disciplinary Action Against G Sudhakaran Leaked | Kerala
Last Updated:
അതേസമയം, ജി സുധാകരനെതിരെ നാലുവർഷം മുൻപെടുത്ത നടപടിയെ കുറിച്ചുള്ള രേഖ ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചെന്നും അടക്കമുള്ള ഗുരുതര പരാമർശങ്ങൾ രേഖയിലുണ്ട്. ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുനന്നു. കെ ജെ തോമസിനെയും എളമരം കരീമിനെയും ആണ് അന്വേഷണ കമ്മീഷൻ അംഗങ്ങളായി നിയമിച്ചിരുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവരുടെ മൊഴി എടുത്തിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ജി സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പാർട്ടി രേഖയാണ് ഇപ്പോൾ പുറത്തുവന്നത്. അന്ന് പാർട്ടി പരസ്യ ശാസന നൽകിയെന്ന വാർത്ത മാത്രമായിരുന്നു പുറത്തുവന്നത്.
അമ്പലപ്പുഴ മണ്ഡലത്തിന് മതിയായ തുക നൽകിയില്ലെന്ന് പാർട്ടി രേഖ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു. ജി സുധാകരനു മനഃപൂർവമായ വീഴ്ചയുണ്ടായെന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥി എച്ച് സലാം എസ്ഡിപിഐക്കാരനാണെന്ന പ്രചാരണത്തിൽ ജി സുധാകരൻ മൗനം പാലിച്ചുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകൾ ജി സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ജി സുധാകരനെതിരെ നാലുവർഷം മുൻപെടുത്ത നടപടിയെ കുറിച്ചുള്ള രേഖ ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടി ഇക്കാര്യം അന്വേഷിക്കും. പാർട്ടി രേഖ രഹസ്യസ്വഭാവമുള്ളതാണ്. പാർട്ടിയെയും സൂധാകരനെയും തമ്മിൽ തെറ്റിക്കാൻ കൃത്യമായ ആസൂത്രണം നടക്കുന്നതായും ആർ നാസർ പ്രതികരിച്ചു.
Summary: CPM document regarding the disciplinary action against senior CPM leader and former minister G. Sudhakaran has been leaked. The document contains serious references, including that there were lapses in the 2021 Assembly election campaign and that G. Sudhakaran arbitrarily utilized the election fund. Although the State Committee evaluated that a higher disciplinary action was warranted, the State Committee’s report states that it was limited to a public censure considering his long-term service.
Alappuzha,Alappuzha,Kerala
October 16, 2025 2:52 PM IST
‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു’; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y