EBM News Malayalam
Leading Newsportal in Malayalam

വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ചേരമാന്‍ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നേരത്തെ പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറ സ്വദേശിയായ 17-കാരിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ കഠിനംകുളം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവര്‍സംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി വ്യക്തമാക്കി. പെരുമാതുറയില്‍ നിന്ന് ചിറയിന്‍കീഴില്‍ എത്തിച്ച പെണ്‍കുട്ടിയെ ഇവിടെനിന്ന് ട്രെയിനില്‍ തിരൂരിലേക്കാണ് കൊണ്ടുപോയത്.

ഇവര്‍ ട്രെയിനില്‍ തിരൂരില്‍ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പോലീസ് തിരൂര്‍ പോലീസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഠിനംകുളം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് മുന്‍പ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ തട്ടിക്കൊണ്ടുപോകലിന് പുറമേ പോക്‌സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y