EBM News Malayalam
Leading Newsportal in Malayalam

ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്


കൊല്ലം: കൊല്ലത്ത് ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്. 2019 ഡിസംബറിലായിരുന്നു കൊലപാതകം. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് ഉത്തരവിട്ടത്.

രമണിയമ്മയ്ക്ക് മൂന്ന് ആണ്‍മക്കളാണ് ഉണ്ടായിരുന്നത്. ഇളയ മകനായ വിമല്‍ കുമാറിന്റെ ഭാര്യയാണ് പ്രതിയായ ഗിരിത കുമാരി. 2019 ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 1.30ന് വീട്ടില്‍ ആരുമില്ലായിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു. നിലവിളികേട്ട് ഓടി വന്ന രമണിയമ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖരപിള്ളയും അയല്‍ക്കാരും ചേര്‍ന്ന് അടുക്കള വാതില്‍ ചവിട്ടി തുറന്ന് അകത്തേക്ക് കടന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രമണിയമ്മയേയും പ്രതിയേയുമാണ് കണ്ടത്. രമണിയമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുകയായിരുന്നു.

കേസില്‍ ഒന്നാം സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുന്‍പ് മരിച്ചു പോയിരുന്നു. അടുത്ത ബന്ധുക്കള്‍ സാക്ഷിയായ കേസില്‍ പ്രതിയുടെ ഭര്‍ത്താവ് വിമല്‍ കുമാര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. പ്രതിയും അയല്‍വാസിയായ യുവാവും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിര്‍ണ്ണായകമായ സാഹചര്യ തെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y