വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച് നശിപ്പിച്ചു: പരാതിക്കാരന്റെ സഹോദരൻ പിടിയിൽ
കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പൊലീസ് ആണ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജിലേഷ് സഹോദരനോട് സ്കൂട്ടർ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സഹോദരൻ നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ സജിലേഷ് സ്കൂട്ടർ കത്തിക്കുകയായിരുന്നു. സ്കൂട്ടർ കത്തിക്കുന്നതിനായി കുറ്റ്യാടിയിലെ പമ്പിൽ നിന്നാണ് സജിലേഷ് പെട്രോൾ വാങ്ങിയത്.
സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ വീട്ടിൽ നിന്നാണ് സജിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.