EBM News Malayalam

സ്വത്ത് തര്‍ക്കം; തൃശൂരില്‍ അമ്മാവന്‍ ആറു വയസുകാരനെ വെട്ടിക്കൊന്നു

തൃശൂര്‍ മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അസമില്‍ നിന്നുളള അതിഥി തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഇന്ന് രാവിലെയാണ് കുട്ടിക്ക് വെട്ടേറ്റത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ഇയാളെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് മുപ്ലിയത്ത് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും പിതാവിനും പരിക്കേറ്റിട്ടുണ്ട്. അസമിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.