എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കെടിഡിസി ജീവനക്കാരന് കസ്റ്റ്ഡിയില്‍
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കെടിഡിസി ജീവനക്കാരന് കസ്റ്റ്ഡിയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. ആലത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനും ആണെന്ന് പൊലീസ് അറിയിച്ചു.
സമൂഹമാധ്യമത്തിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേരെ കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ ഉടനെ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ സ്ഥാനാര്‍ത്ഥിക്ക് എതിരെ വ്യാജപ്രചാരണം നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടത്തിയത്.
മുന്‍ എംഎല്‍എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം സ്വരാജ് ആണ് പരാതി നല്‍കിയത്. ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെതിരെ സ്ഥാനാര്‍ത്ഥിയടക്കം പരാതി നല്‍കിയിരുന്നു.
മൂന്ന് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അതിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. പിടിക്കപ്പെടാതിരിക്കാന്‍ ഇന്റര്‍നെറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍ മറയ്ക്കാനുള്ള വിപിഎന്‍ സംവിധാനവും പ്രതികള്‍ ഉപയോഗിച്ചിരുന്നു.