സെക്രട്ടറിയേറ്റിനുമുന്നിലെ ആത്മഹത്യ ശ്രമം : ഒരു കുഞ്ഞുപോലും അറിയാതെ പോയ നാട്ടുവൈദ്യന്റെ കൊലപാതകം പുറത്തായത് ഇങ്ങനെ
തിരുവനന്തപുരം: നാട്ടുവൈദ്യനെ കൊലപ്പെടുത്തി, വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. 2020 ഒക്‌ടോബറിലാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബ ഷരീഫ് കൊല്ലപ്പെട്ടത്. ഒരു കുഞ്ഞുപോലും അറിയാതെ കൃത്യം നടത്താനും തെളിവുനശിപ്പിക്കാനുമൊക്കെ പ്രതികൾക്ക് കഴിഞ്ഞു.
ആരുമറിയാതെ പോകുമായിരുന്ന അരുംകൊല, സെക്രട്ടറിയേറ്റിന്റെ മുന്നിൽ നിന്ന് പ്രതികൾ തന്നെയാണ് പൊലീസുകാരോട് വിളിച്ചുപറഞ്ഞത്. അതിനുപ്രേരിപ്പിച്ചതാകട്ടെ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ മറ്റുള്ളവർക്കെതിരെ നൽകിയ കവർച്ചാ കേസും.വൈദ്യനിൽ നിന്ന് മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യം മനസിലാക്കി, മരുന്നുവ്യാപാരത്തിലൂടെ കോടികൾ സമ്പാദിക്കലുമായിരുന്നു ഷൈബിന്റെ ലക്ഷ്യം. വൈദ്യനെ തട്ടിക്കൊണ്ടുവരാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ചവർക്ക് ഷൈബിൻ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് ഇയാൾ പാലിച്ചില്ല.പണം നൽകാതായതോടെ മറ്റ് പ്രതികൾ വ്യവസായിയായ ഷൈബിന്റെ വീട്ടിൽ നിന്നും ഏഴ് ലക്ഷം രൂപ കവർന്നു. കഴിഞ്ഞ ഏപ്രിൽ 24ന് മാനേജരായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41), ഷൈബിന്റെ ഡ്രൈവർ നടുത്തൊടിക നിഷാദ് (35) എന്നിവർക്കെതിരെ ഷൈബിൻ പൊലീസിൽ പരാതി നൽകി.തുടർന്ന് പൊലീസ് നൗഷാദിനെ അറസ്റ്റുചെയ്തു. അതിനുപിന്നാലെ ഏപ്രില്‍ 29-ന് മറ്റു പ്രതികളായ ഷിഹാബുദ്ദീനും നിഷാദും സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഷൈബിൻ ചതിച്ചതാണെന്നും വിളിച്ചുപറഞ്ഞായിരുന്നു ആത്മഹത്യാ ശ്രമം.”പരാതിക്കാരനായ ഷൈബിന്‍ അഷറഫിന്റെ കീഴില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. കൊലക്കേസുമായി ബന്ധപ്പെട്ട തെളിവ് തങ്ങളുടെ കൈയിലുണ്ട് ”-എന്നു പറഞ്ഞുകൊണ്ട് ഒരു പെൻഡ്രൈവും പ്രതികൾ പൊലീസിനു നൽകി. ഇതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഒന്നരവർഷം മുമ്പ് നടത്തിയ അരുംകൊല വെളിച്ചത്തായത്