നെയ്യാറ്റിന്‍കര : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിന്‍കര നഗരസഭയിലെ ജലസ്രോതസ്സുകള്‍ക്ക് പുനരുജ്ജീവനം നല്കാന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് മെയ് 9 ന് ജലസഭയും നഗരസഭ പരിധിയിലെ ഇടവംപറന്പ് മുതല്‍ ചെന്പകപ്പാറ വരെ ജലനടത്തവും സംഘടിപ്പിക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അറിയിച്ചു.
കാര്‍ഷിക സംസ്കാരത്തിന്റെ ഇന്നലെകളാല് സമൃദ്ധമായിരുന്ന നെയ്യാറ്റിന്‍കരയുടെ പ്രധാന ജലസ്രോതസ്സായ നെയ്യാര്‍ ഉള്‍പ്പെടെ വിവിധ കുളങ്ങള്‍, ചെറുതും വലുതുമായ തോടുകള്‍, പൊതുകിണറുകള്‍ എന്നിവയെല്ലാം കാലാനുസൃതമായ നവീകരണത്തിനും സംരക്ഷണത്തിനും വിധേയമാക്കേണ്ടതുണ്ട്. ജലസ്രോതസ്സുകള്‍ ശരിയായ വിധം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെയും ആവശ്യം കൂടിയാണെന്നും വര്‍ത്തമാന ജീവിത സാഹചര്യങ്ങള്‍ക്കും വരുംകാല തലമുറകള്‍ക്കും ശുദ്ധജലം പ്രാപ്തമാക്കേണ്ടതിന്റെ ബാധ്യത നിലവിലുള്ള സംവിധാനത്തിന്റെ ഉത്തരവാദിത്വമാണെന്നുമുള്ള യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ജലാശയങ്ങള്‍ ശുദ്ധീകരിക്കുന്നത് ജനകീയ പങ്കാളിത്തത്തോടെയായിരിക്കും. ജലസംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണവും നല്‍കും. ജലാശയങ്ങളുടെ ഗുണനിലവാരം പരിശോധനയും നടത്തുമെന്നും ജോസ് ഫ്രാങ്ക്ളിന് കൂട്ടിച്ചേര്‍ത്തു. നഗരസഭ തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ നഗരസഭ ചെയര്‍മാനാണ്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് സമിതിയുടെ കോര്‍ഡിനേറ്റര്‍. മെയ് 9 ന് വൈകുന്നേരം മൂന്നിന് അണിയിച്ചൊരുക്കിയിട്ടുള്ള ജലനടത്തവും ജലസഭയും നഗരസഭ ചെയര്മാന് പി.കെ രാജ്മോഹനന് ഉദ്ഘാടനം ചെയ്യും. ജോസ് ഫ്രാങ്ക്ളിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, എന്‍.കെ അനിതകുമാരി, ആര്. അജിത, ഡോ. എം.എ സാദത്ത്, കൗണ്‍സിലര്‍മാരായ ഷിബുരാജ്കൃഷ്ണ, ഷീബ സജു, നഗരസഭ സെക്രട്ടറി ആര്. മണികണ്ഠന്, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സംബന്ധിക്കും.
Prev Post