തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ ഖോ ഖോ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറവും തിരുവനന്തപുരവും പുരുഷ-വനിതാ വിഭാഗം ചാമ്പ്യന്മാര്. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരത്തിനെ 13-12 എന്ന സ്കോറിനാണ് മലപ്പുറം പരാജയപ്പെടുത്തിയത്. മലപ്പുറത്തിന്റെ അതുല്‍ വേണുവാണ് കളിയിലെ മികച്ച താരം. കോഴിക്കോട് പാലക്കാട് ടീമുകള്‍ വെങ്കല മെഡല്‍ പങ്കിട്ടു. പുരുഷ വിഭാഗം ഫൈനലില്‍ മലപ്പുറം ടീമില്‍ മത്സരിച്ച എസ്.കെ. സിര്ബിന്, എസ്. സിവിന്, കെ.പി. അരുണ്‍ എന്നിവരും തിരുവനന്തപുരം ടീമിലെ എം. മഹേഷും ഇന്ത്യന്‍ താരങ്ങളാണ്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വനിതാ വിഭാഗം ഫൈനലില്‍ തിരുവനന്തപുരം ജില്ല 10-09 എന്ന മാര്‍ജിനില്‍ പാലക്കാടിനെ പരാജയപ്പെടുത്തി. മലപ്പുറം കണ്ണൂര്‍ ടീമുകള്‍ക്കാണ് വെങ്കലം. തിരുവനന്തപുരം ജില്ലയുടെ പ്രീത കളിയിലെ മികച്ച താരമായി. വെള്ളി നേടിയ പാലക്കാട് ടീമില്‍ ഇന്ത്യന്‍ ടീം താരമായ വര്‍ഷയും മത്സരിച്ചിരുന്നു.
ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടന്ന ഖോ ഖോ മത്സരങ്ങളുടെ സമാപന സമ്മേളനം ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് എസ്. കുമാരി ഉദ്ഘാടനം ചെയ്തു. ദേശീയ -സംസ്ഥാന ഖോ ഖോ അസോസിയേഷന് പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെമിഫൈനല്‍ മത്സരങ്ങള്‍ക്കു മുന്‍പ് കായിക മന്ത്രി അബ്ദുറഹ്മാന് ടീമംഗങ്ങളെ പരിചയപ്പെട്ടു.