EBM News Malayalam

പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മലയാളി താരവും വിംഗറുമായ പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. കോഴിക്കോട് നിന്നുള്ള 23കാരനായ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വരുന്ന സീസണിലും ടീമിന്റെ ഭാഗമായിരിക്കും. എഐഎഫ്എഫ് റീജിയണല്‍ അക്കാദമിലെത്തുന്നതിന് മുമ്പ് കേരള അണ്ടര്‍ 14 ടീമിനെ പ്രതിനിധീകരിച്ചു. എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലേക്ക് പോകുന്നതിനുമുമ്പ് ഡി.എസ്.കെ ശിവാജിയന്‍സ് അക്കാദമിയുടെ ഭാഗമായിരുന്നു പ്രശാന്ത്.

പരിശീലനം ലഭിക്കുന്നതിന് വേണ്ടി ഐ ലീഗ് ചെന്നൈ സിറ്റി എഫ്‌സിക്ക് കൈമാറുന്നതിന് മുന്‍പായി 2016 ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രശാന്തുമായി കരാറില്‍ ഏര്‍പ്പെടുന്നത്. തന്റെ ഫുട്‌ബോള്‍ യാത്രയില്‍ നിര്‍ണായക സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരുന്നതില്‍ ഒരേസമയം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.

ടീമിലെ ഏറ്റവും മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരില്‍ ഒരാളാണ് പ്രശാന്തെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാര്‍ ദീര്‍ഘിപ്പിച്ചത് കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും കൂടിയുള്ളതാണെന്നും വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

 

Comments are closed.