EBM News Malayalam

കേരളത്തിലെ വേഗതയേറിയ നെറ്റ്വര്‍ക്കായി ജിയോ മാറി

കേരളത്തിൽ 10,000 ഇടങ്ങളിലേക്ക് മൊബൈൽ നെറ്റ്വർക്ക് വ്യാപിപിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ, വേഗതയേറിയ നെറ്റ്വർക്കായി മാറിയിരിക്കുകയാണ് ജിയോ. വരിക്കാരുടെ എണ്ണത്തിലും ജിയോയെ വെല്ലാൻ ആളില്ല. കേരളത്തിൽ മാത്രം 86 ലക്ഷത്തിലധികം വരിക്കാരാണ് ജിയോയ്ക് ഉള്ളത്.

മൂന്ന് വർഷം മുമ്പാണ് ഇന്ത്യൻ കോർപ്പറേറ്റ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും ജിയോ എന്ന ടെലിക്കോം കമ്പനി രൂപം കൊള്ളുന്നത്. രാജ്യത്തെ ഓരോ പൌരനും ഇൻറർനെറ്റ് സേവനവും മൊബൈൽ നെറ്റ്വർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവർത്തനം തുടങ്ങുന്നത്.

ആദ്യം സൌജന്യ കോളുകളും ഡാറ്റയും നൽകി ഇന്ത്യൻ ടെലിക്കോം വിപണിയെയും ഇന്ത്യക്കാരുടെ ഇൻറർനെറ്റ് ഉപയോഗ ശീലത്തെയും പൊളിച്ച് പണിയുകയായിരുന്നു ജിയോ ചെയ്തത്. ആഗോള മൊബൈൽ ഡാറ്റ ഉപയോക്താക്കളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തിയതും അതുകൊണ്ട് തന്നെയാണ്.

2019 ഓഗസ്റ്റിൽ രാജ്യത്ത് 34.8 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായി ജിയോ മാറി. ഇന്ത്യൻ ടെലിക്കോം വിപണിയെ കൈയ്യിലൊതുക്കിയിരുന്ന വോഡാഫോൺ ഐഡിയയെ പിന്തള്ളിയായിരുന്നു ഈ നേട്ടം ജിയോ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. മറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി 4ജി സേവനങ്ങൾ മാത്രമാണ് ജിയോ നൽകുന്നത്.

രാജ്യത്തെ ഇൻറർനെറ്റ് ഉപയോഗം വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് തന്നെയാണ് ജിയോയ്ക്ക് ഉള്ളത്. ജിയോ കൊണ്ടുവന്ന ദിവസേന ജിബി കണക്കായ സൌജന്യ ഡാറ്റ എന്ന ആശയം മറ്റ് കമ്പനികളും ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഇൻറർനെറ്റ് ഉപയോഗത്തിൽ വൻ പുരോഗതി ഉണ്ടായി.

പൊതുവേ സാങ്കേതിക സംബന്ധിയായ പുതിയ കാര്യങ്ങളിലേക്ക് പെട്ടെന്ന് ആകർഷിക്കുന്ന മലയാളികൾക്കിടയിൽ ജിയോ വൻ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന മികച്ച പ്ലാനുകൾ തന്നെയാണ് ജിയോയുടെ കേരളത്തിലെ വിജയത്തിന് പിന്നിലെന്ന് നിസംശയം പറയാം.

ഇത് കൂടാതെ സിമ്മുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ലളിതമായ കണക്ഷൻ പ്രോസസ്, ജിയോ ടിവി, ജിയോ മ്യൂസിക്ക്, ജിയോ സിനിമ എന്നി ജിയോ ആപ്പുകളും അൺലിമിറ്റഡ് ഡാറ്റയും മലയാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ടെലിക്കോം റഗുലേറ്ററിയുടെ ഐയുസി ചാർജ്ജുകൾ ജിയോയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതായാണ് ഉണ്ടാക്കിയത്. ഇതിനെ അതിജീവിക്കാൻ ഐയുസി ചാർജ്ജ് തുകയായ മിനുറ്റിന് 6 പൈസ എന്ന നിരക്ക് ഉപയോക്താക്കളിൽ നിന്നും ഈടാക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. ഇത് വരിക്കാർക്കിടയിൽ പ്രതിഷേധങ്ങൾ ഉണ്ടാക്കാനും ആരംഭിച്ചു.

ഈ അവസരം മുതലെടുത്ത് മറ്റ് കമ്പനികൾ തങ്ങളുടെ നെറ്റ്വർക്കിൽ നിന്നുള്ള ഔട്ട് ഗോയിങ് കോളുകൾ എല്ലാം സൌജന്യമായിരിക്കുമെന്നും ഐയുസി നിരക്ക് ഈടാക്കില്ലെന്നും പ്രഖ്യാപിച്ച് അവസരം മുതലെടുക്കാൻ ശ്രമിച്ചു.

Comments
Loading...