EBM News Malayalam

കാശ്മീരിന് നിക്ഷേപ വാഗ്ദ്ധാനവുമായി ജപ്പാനീസ് അംബാസിഡര്‍

കൊല്‍ക്കത്ത: കാശ്മീരിന്റെ പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആദ്യമായി സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു അറിയിച്ചു. ബംഗാള്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജപ്പാന്‍ അംബാസിഡര്‍ ഇത് പറഞ്ഞത്.

‘ഇന്ത്യയുമായി നല്ല വ്യാപാര ബന്ധമാണ് ജപ്പാനുള്ളത്. ഇന്ത്യയുടെ ഏത് ഭാഗത്തും വ്യാപാരം നടത്താനുള്ള സാദ്ധ്യതകള്‍ ഞങ്ങളുടെ മുന്നിലുണ്ട്. കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണരീതിയിലായാല്‍ ഇതുമായി മുന്നോട്ടു പോകും. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് നമുക്ക് നോക്കാം. ഈ അവസരത്തില്‍ കൂടുതല്‍ ഒന്നും പറയാനാവില്ല’- എന്നും ജപ്പാന്‍ അംബാസിഡര്‍ അറിയിച്ചു.

2014ല്‍ 1,156 ജപ്പാനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇപ്പോഴത് 1,441 ആയി. ജപ്പാന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്കുള്ള വ്യാപാരം 2018ല്‍ 585 ബില്യണ്‍ യെന്‍ ആണ്. എന്നാല്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരം 1236 ബില്യണ്‍ യെന്‍ ആണെന്നും ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

 

Comments
Loading...