EBM News Malayalam

ബഹ്റൈനും യുഎഇയുമായി ചരിത്ര കരാര്‍(അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേല്‍

വാഷിങ്ടണ്‍: ബഹ്റൈനും യുഎഇയുമായി ചരിത്ര കരാര്‍(അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാര്‍ ഒപ്പിടാനെത്തിയിരുന്നു. അതേസമയം അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാര്‍ ഒപ്പിട്ടത്. സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേല്‍ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

ആദ്യം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. തുടര്‍ന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ബിന്യമിന്‍ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി.

ഈജിപ്തും ജോര്‍ഡനുമാണ് നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങള്‍. ഇസ്രയേലുമായി യുഎഇയും ബഹ്റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ കാരണമാകും. ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് ജറുസലമിലെ അഖ്‌സ മോസ്‌ക്കില്‍ പ്രാര്‍ഥനക്കെത്താന്‍ കരാര്‍ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു. സംഘര്‍ഷത്തിന്റെ പാതയില്‍നിന്ന് സമാധാനത്തിന്റെ നാളുകളിലേക്കുള്ള തുടക്കമാണ് കരാര്‍. സമാധാനത്തിലേക്കുള്ള ചരിത്ര ദിനമാണിത്.

യുഎഇയുടെയും ബഹ്റൈന്റെയും പാതയില്‍ കൂടുതല്‍ രാജ്യങ്ങള്‍ എത്തുമെന്നും അദേഹം വ്യക്തമാക്കി. ഇസ്രയേലുമായുള്ള കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ 1972ലെ 15-ാം നമ്പര്‍ ഫെഡറല്‍ നിയമം യുഎഇ റദ്ദാക്കിയിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്.

Comments are closed.