EBM News Malayalam

പുതിയ തന്ത്രം പുറത്തെടുത്ത് പാക് രഹസ്യാന്വേഷണ ഏജൻസി

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ പ്രധാന ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയതോടെ പുതിയ തന്ത്രം പുറത്തെടുത്ത് പാക് രഹസ്യാന്വേഷണ ഏജന്‍സി. പ്രദേശത്ത് കാര്യമായ സ്വാധീനമില്ലാതിരുന്ന അല്‍ ഖ്വയിദയെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരെ ഭീഷണി വീഡിയോ തയ്യാറാക്കിയതിന് പിന്നിലും ഇതേ തന്ത്രമാണെന്നാണ് അറിവ്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചെറിയ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക, സൈനിക സഹായം നല്‍കാനാണ് ഐ.എസ്.ഐയുടെ നീക്കം. ഭീകരവാദ വിഷയത്തില്‍ രാജ്യാന്തര തലത്തില്‍ തന്നെ ഒറ്റപ്പെട്ട പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിയിക്കാന്‍ കൂടിയാണ് അല്‍ ഖ്വയിദ തലവന്‍ സവാഹിരിയുടെ പേരില്‍ വീഡിയോ പുറത്തിറക്കിയത്.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയിബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകസംഘടനകളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. സിപായെ സഹാബ, ജെയ്ഷുല്‍ ആദില്‍, ലഷ്‌കറെ ഉമര്‍, അല്‍ ബാദര്‍, തെഹ്രികുല്‍ മുജാഹിദ്ദീന്‍, അല്‍ ഉമര്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളുമായി ഐ.എസ്.ഐ ഇതിനോടകം തന്നെ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ബലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തി വഴിയുള്ള പാക് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം 43 ശതമാനം കുറഞ്ഞതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ കാണിക്കുന്നത്. ഏതാണ്ട് എട്ടോളം ഭീകരസംഘടനകളെയാണ് ഐ.എസ്.ഐ നോട്ടമിട്ടിരിക്കുന്നത്.

Comments
Loading...