EBM News Malayalam

സംസ്ഥാനത്ത് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കാന്‍ ധാരണയായി.

തിരുവനന്തപുരം: പ്രവാസി സംരംഭകരുടെ ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുബായില്‍ സംഘടിപ്പിച്ച നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് എമര്‍ജിംഗ് എന്റര്‍പ്രണേഴ്‌സ് മീറ്റ് (നീം) സംഗമത്തില്‍ ധാരണയായി.

നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തെ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, പി.വി അബ്ദുല്‍ വഹാബ് എം.പി , നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ , പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍, ഐ.ബി.പി.സി ചെയര്‍മാന്‍ സുരേഷ് കുമാര്‍, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്‌സ് കമ്പനി വൈസ് ചെയര്‍മാന്‍ ഒ.വി മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

ദുബായ് എയര്‍പോര്‍ട്ട് റോഡിലുള്ള ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന സംഗമത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാ വിധത്തിലും കേരളം അതിവേഗം പുരോഗമിക്കുകയാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും പ്രവാസി സംരംഭകര്‍ മുന്നോട്ടു വരണം.

2018 ജനുവരിയിലെ ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് നിക്ഷേപകമ്പനി രജിസ്റ്റര്‍ ചെയ്തത്. കമ്പനിയുടെ ഓഹരി മൂലധനത്തില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ബാക്കി പ്രവാസി മലയാളികളുടേതാണ്.

കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കും. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുമായി ഇതിനെ ബന്ധിപ്പിക്കും. ദേശീയ വ്യവസായ ഇടനാഴി പദ്ധതിയില്‍ ആദ്യം കേരളം ഉള്‍പ്പെട്ടിരുന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കി, കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. വ്യവസായ ഇടനാഴിയോട് അനുബന്ധിച്ച് വ്യവസായ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. മുഖ്യമന്ത്രി പറഞ്ഞു. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ ഇതിനുള്ള ധാരണകള്‍ ഒപ്പുവെയ്ക്കും.

ഡി.പി വേള്‍ഡ് 3500 കോടി (ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗം ), ആര്‍.പി ഗ്രൂപ്പ് 1000 കോടി (ടൂറിസം), ലുലു ഗ്രൂപ്പ് 1500 കോടി (റീ ടെയില്‍ മേഖല), ആസ്റ്റര്‍ 500 കോടി (ആരോഗ്യമേഖല), മറ്റു ചെറുകിട സംരംഭകര്‍ 3500 കോടി എന്നിങ്ങനെയാണ് നിക്ഷേപം നടത്തുന്നത്.

Comments
Loading...