EBM News Malayalam

ആയുധങ്ങൾ വാങ്ങാൻ തയ്യാറായി 85 രാജ്യങ്ങൾ

ദില്ലി: 2025ന് മുമ്പ് 35000 കോടിയുടെ ആയുധങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനായി വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെമാര്‍ക്ക് പ്രതിവര്‍ഷം 50,000 അമേരിക്കന്‍ ഡോളര്‍ വരെ ചെലവിടാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആയുധങ്ങളെക്കുറിച്ച് സ്വന്തം രാജ്യത്തെ പ്രതിരോധ വകുപ്പിനോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് അറ്റാഷെമാരുടെ ചുമതലയാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറായി 85 രാജ്യങ്ങള്‍ രംഗത്ത് വന്നതായി റിപ്പോര്‍ട്ട്. തങ്ങളില്‍ നിന്ന് ധാരാളം ആയുധം വാങ്ങുമെന്ന് ഇന്ത്യ കരുതുന്ന ചില രാജ്യങ്ങളെ എ കാറ്റഗറിയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ അറ്റാഷെമാര്‍ക്കാണ് പ്രതിവര്‍ഷം 50000 ഡോളര്‍ വീതം നല്‍കാന്‍ തീരുമാനമായത്. വിയറ്റ്‌നാം, തായ്ലാന്‍ഡ്, ബഹ്‌റിന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അമേരിക്കയും ബ്രിട്ടണും തങ്ങള്‍ക്ക് വേണ്ട പ്രധാന പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കുന്നത് സ്വന്തമായി തന്നെയാണെങ്കിലും ഇതിന് വേണ്ട സബ് സിസ്റ്റങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ലോകത്തെ ഒരു പ്രധാന ആയുധ നിര്‍മാണ കേന്ദ്രമാകാനുള്ള ഒരു ശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്.

Comments
Loading...