EBM News Malayalam

ഇന്ത്യ-ചൈന തര്‍ക്കം : പ്രതിരോധ മന്ത്രിമാര്‍ മോസ്‌ക്കോയില്‍ നടത്തിയ ചര്‍ച്ചയ്ക്കു മുമ്പ് വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ട്

ദില്ലി: അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍ മോസ്‌ക്കോയില്‍ നടത്തിയ ചര്‍ച്ചയ്ക്കു മുമ്പ് ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ 200 റൗണ്ട് വരെ വെടിവെയ്പുണ്ടായതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇരുസേനയും ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് സൂചന ലഭിക്കുന്നത്. മോസ്‌കോയില്‍ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല.

ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും പ്രതിരോധ മന്ത്രിമാരുടെ മോസ്‌കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന പ്രതികരിച്ചത്. അതേ സമയം ചൈന നിരീക്ഷിക്കുന്ന ഇന്ത്യക്കാരായ 10,000 ത്തോളം പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ സിബി മാത്യൂസിന്റെ പേരുമുണ്ട്.

രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെയാണ് ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്‌നോളജി എന്ന ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അതേ സമയം ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യസഭയില്‍ പ്രസ്താവന നടത്തിയേക്കും. ഇന്നലെ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രതിരോധമന്ത്രി നല്‍കിയത്.

Comments are closed.