EBM News Malayalam

ജെ.എന്‍.യു : സമരം ഫീസ് വര്‍ധനവിന്റെ പേരിലല്ലെന്നും വിദ്യാര്‍ത്ഥികളെ അബദ്ധത്തില്‍ ചാടിക്കുകയാണെന്നും രമേശ് പൊക്രിയാല്‍ നിഷാങ്ക്

ന്യൂഡല്‍ഹി: ജെ.എന്‍.യു പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിപക്ഷം വികാരം ആളിക്കത്തിക്കുകയാണെന്നും അനുഛേദം 370 റദ്ദാക്കിയതോടെ കശ്മീരിലെ ജനത ‘സ്വാതന്ത്ര്യവും സന്തോഷവും’ അനുഭവിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥി സമരം ഫീസ് വര്‍ധനവിന്റെ പേരിലല്ലെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളെ അബദ്ധത്തില്‍ ചാടിക്കുകയാണെന്നും കേന്ദ്ര മാനവ വിഭവശേഷിമന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് വ്യക്തമാക്കി.

ഫീസ് വര്‍ധന സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഇതുവരെ 10 രൂപയായിരുന്ന സിംഗിള്‍ സീറ്റര്‍ ഹോസ്റ്റല്‍ മുറിക്ക് 300 രൂപയായും രണ്ടു സീറ്റര്‍ മുറിക്ക് 600 രൂപയുമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി പോലെയുള്ള ഒരു നഗരത്തില്‍ അധിക നിരക്കല്ലത്. വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ച നിരക്കുമാണിത്. അതിനു ശേഷം നടക്കുന്ന പ്രക്ഷോഭത്തിന്റെ കാര്യമെന്താണ്? ഫീസ് വര്‍ധനയല്ല, വിവാദമുണ്ടാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം.

അതിപ്പോള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അറിയിച്ചു. ജെ.എന്‍.യു സംഘര്‍ഷത്തില്‍ വി.സിയുടെ നിലപാടിനെ കുറ്റപ്പെടുത്താനാവില്ല. ആദ്യം സംഘര്‍ഷമുണ്ടാപ്പോള്‍ പോലീസിനെ വിളിച്ചതില്‍ വിമര്‍ശിച്ചവരാണ് പിന്നീട് പോലീസ് വന്നില്ലെന്ന് പറഞ്ഞ് വിലപിക്കുന്നത്. പോലീസ് യൂണിവേഴ്സിറ്റിയില്‍ വേണമെന്നാണോ വേണ്ടെന്നാണോ അവരുടെ നിലപാട്. സംഘര്‍ഷത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണം മന്ത്രി നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

കുറ്റക്കാര്‍ പിടിക്കപ്പെടട്ടെയെന്നും പറയുകയാണ്. അതേസമയം പൗരത്വ ഭേദഗതി നിയമം ഒറ്റയടിക്ക് വന്നതല്ല. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനമാണ്. അത് നടപ്പാക്കുന്നതില്‍ ജനങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. മതത്തിന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ വിവേചനം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കുകയാണ്. അല്ലാതെ ആരെയും രാജ്യത്തുനിന്ന് പുറത്താക്കുകയോ ആരുടെയും പൗരത്വം ഇല്ലാതാക്കുകയോ ചെയ്യാനല്ലെന്ന് സര്‍ക്കാര്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

Comments
Loading...