EBM News Malayalam

വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ ഉയര്‍ന്ന തസ്തികയില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി

വയനാട്: വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ഉയര്‍ന്ന തസ്തികയില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. വിംസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജൂലൈ നാലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്ത്രി ഇ പി ജയരാജന്റെ സഹോദരി പുത്രിക്ക് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലെ എച്ച്ആര്‍ വിഭാഗത്തില്‍ അടുത്തിടെ ജോലി ലഭിച്ചതിനെതിരെയാണ് പരാതി.

ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചായിരുന്നു സമിതി റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജിലെ ജീവനക്കാരെ ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനമെന്ന് കാണിച്ചാണ് യൂത്ത് ലീഗ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ജീവനക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയ ശേഷം നടന്ന നിയമനത്തില്‍ ഉന്നതതല ഇടപെടലുകളുണ്ടെന്നും ആരോപണം ഉയരുകയാണ്.

എന്നാല്‍, പരാതിയെ കുറിച്ച് അറിയില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവര്‍ക്ക് നിയമനം നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജൂലൈ 14ന് നിയമനം നടത്തിയെന്നാണ് പരാതിയില്‍ കാണിച്ചിരിക്കുന്നത്. ജൂണ്‍ 26ന് ആണ് ഒഴിവുണ്ടായിരുന്ന എച്ച് ആര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഇവരെ നിയമിച്ചതെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.

 

Comments are closed.