EBM News Malayalam

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ അന്വേഷിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ ഉത്തരവിട്ടു

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ ഉത്തരവിട്ടു.

മന്ത്രി നിര്‍ദ്ദേശിച്ചതു പ്രകാരം കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തും. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമയെ 9നാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപകരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നതായി ഫാത്തിമയുടെ ഫോണില്‍ കുറിപ്പുണ്ടായിരുന്നു.

ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ പ്രൊഫസര്‍മാരായ സുദര്‍ശന്‍ പദ്മനാഭന്‍, മിലിന്ദ് ബ്രഹ്മെ എന്നിവര്‍ക്കു നേരെയാണ് ആരോപണമുന നീളുന്നത്.അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കുകയും ഫാത്തിമയുടെ ലാപ്‌ടോപും ഐപാഡും പരിശോധിക്കും.

ഫാത്തിമയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഡി.എം.കെയും സി.പി.എമ്മും തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തില്‍ കനിമൊഴി എം.പി വിഷയം ഉന്നയിക്കുമെന്ന് എം.കെ. സ്റ്റാലിന്‍ ഫാത്തിമയുടെ കുടുംബത്തോട് പറഞ്ഞു. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുമായും പെണ്‍കുട്ടിയുടെ പിതാവുമായും സംസാരിച്ചതായി മുരളീധരന്‍ അറിയിച്ചു.

Comments
Loading...