EBM News Malayalam

മദ്യപരുടെ രോഗം

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ‘ലിവര്‍ സിറോസിസ്’. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെയുണ്ടാകാന്‍ കാരണമായ രോഗമാണിത്. പൊതുവേ മദ്യപരുടെ രോഗമെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും സിറോസിസിനു പല കാരണങ്ങളുണ്ട്. ലിവര്‍ സിറോസിസിന്റെ ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്നാണ് ദീര്‍ഘകാല മദ്യപാനവും ഹെപ്പറ്റെറ്റിസ് ബി, സി വൈറസുകളുടെ അണുബാധയും. മറ്റു കാരണങ്ങളായി കാണപ്പെടുന്നത് രക്തത്തിലെ ഇരുമ്പിന്റെയും ചെമ്പിന്റേയും കൂടുതല്‍, കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടല്‍, പിത്തക്കുഴലിനുണ്ടാകുന്ന തടസം, ശരീരത്തിന്റെ പ്രതിരോധശക്തി കരളിനെതിരായി പ്രവര്‍ത്തിക്കുന്ന അവസ്ഥ എന്നിവയാണ്. സിറോസിസിന്റെ രോഗലക്ഷണങ്ങള്‍ പലതരത്തില്‍ പ്രത്യക്ഷപ്പെടാം. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും കാണപ്പെടുകയില്ലെങ്കിലും ക്ഷീണം, തൂക്കക്കുറവ്, വിശപ്പില്ലായ്മ, വയറിലെ അസ്വസ്ഥത, അരുചി, ശ്വാസത്തിനു ദുര്‍ഗന്ധം, ദേഹത്തിനു നിറവ്യത്യാസം എന്നിവ തുടക്കത്തില്‍ കാണുമെങ്കിലും രോഗം മൂര്‍ച്ഛിക്കുന്നതോടെ അസ്വസ്ഥതകള്‍ കൂടിവരികയും രോഗലക്ഷണങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. നിരന്തരമായി കരളിനേല്‍ക്കുന്ന ക്ഷതം മൂലം കരളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതുമൂലം ആമാശയത്തിലേയും അന്നനാളത്തിലേയും രക്തക്കുഴലുകള്‍ വികസിച്ചു പൊട്ടുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.

രോഗം വര്‍ധിച്ചാല്‍ രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു തകരാറുകള്‍ സംഭവിക്കാം. ഇത് ഉറക്കമില്ലായ്മ, ആശയക്കുഴപ്പം, മാനസിക വിഭ്രാന്തി മുതലായവയിലേക്കു നയിക്കാം. രോഗം ബാധിച്ചവര്‍ക്കു ശരീരത്തിന്റെ വിഷാംശങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതുകൊണ്ടാണു തലച്ചോറിനെ ബാധിക്കുന്നത്. സിറോസിസ് രോഗികളുടെ ശരീരത്തിനും മറ്റും ഗുരുതരമായ അസുഖങ്ങളും ബാധിക്കുവാന്‍ സാധ്യതയുണ്ട്. ഇത്തരക്കാരുടെ വൃക്കയെ രോഗം തകരാറിലാക്കുകയും കരളില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദ്യപാനം കര്‍ശനമായും ഒഴിവാക്കുക.

പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘുവായ വ്യായാമം ചെയ്യുക.

വേദന സംഹാരികള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം വേദന സംഹാരികള്‍ രക്തസ്രാവത്തിനു കാരണമാകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

സിറോസിസ് രോഗികള്‍ മലത്തിന്റെ നിറം ശ്രദ്ധിക്കേണ്ടതാണ്. ടാര്‍ പോലെ കറുത്ത നിറത്തിലുള്ള മലം രക്തസ്രാവത്തിന്റെ ലക്ഷണമാണ്. അങ്ങനെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

Comments
Loading...