EBM News Malayalam

ഗര്‍ഭിണിയായ മേഗനെ ലോസ് ഏഞ്ചലസിലെ ആഡംബരവസതിയില്‍ തനിച്ചാക്കി മുത്തച്ഛന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഹാരി ബ്രിട്ടനിലെത്തി

ലണ്ടൻ : ഗര്‍ഭിണിയായ മേഗനെ ലോസ് ഏഞ്ചലസിലെ ആഡംബരവസതിയില്‍ തനിച്ചാക്കി മുത്തച്ഛന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഹാരി ബ്രിട്ടനിലെത്തി. അതിരാവിലെയുള്ള വിമാനത്തില്‍ പുറപ്പെട്ടഹാരി ഉച്ചതിരിഞ്ഞ് 1:15 നാണ് ഹീത്രു വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്നും നേരെ കെന്‍സിങ്റ്റണ്‍ പാലസിലെക്കാണ് ഹാരി പോയത്. കൊട്ടാരം വിടുന്നതിനു മുന്‍പ് ഹാരിയുടെ വസതിയായിരുന്നു ഫ്രോഗ്മോര്‍ കോട്ടേജ് യൂജിനി രാജകുമാരിക്കും ഭര്‍ത്താവിനും താത്ക്കാലിക മായി നല്‍കിയതിനാല്‍ നോട്ടിങ്ഹാം കോട്ടേജില്‍ ഹാരി ക്വാറന്റൈനില്‍ പ്രവേശിക്കും എന്നാണ് സൂചന.

സാധാരണ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ ആണെങ്കിലും 5 ദിവസം കഴിഞ്ഞ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍, അര്‍ക്കാരിന്റെ ടേസ്റ്റ് റ്റു റിലീസ് നയമനുസരിച്ച്‌ ഹാരിക്ക് ക്വാറന്റൈന്‍ മതിയാക്കാന്‍ ആകും. എന്തായാലും ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹാരിക്ക് കഴിയും. ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് ചില പ്രത്യേക കാരണങ്ങളാല്‍ ഇളവ് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതുപ്രകാരമായിരിക്കും ഇത്.

മേഗനും ഹരിയോടൊപ്പം ബ്രിട്ടനിലെത്താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഡോക്ടര്‍ അതിനെ എതിര്‍ക്കുകയായിരുന്നു. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരചടങ്ങുകളുമായി ബന്ധപ്പെട്ട്, വിന്‍ഫ്രി അഭിമുഖ പ്രശ്നത്തില്‍ ഒരു താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജകുടുംബം. 2020 മാര്‍ച്ചില്‍ കൊട്ടാരവും രാജപദവികളും ഉപേക്ഷിച്ച്‌ കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയതിനുശേഷമുള്ള ഹാരിയുടെ അദ്യ വരവാണത്. മാത്രമല്ല, വിവാദ അഭിമുഖത്തിനു ശേഷം സഹോദരന്‍ വില്യമുമായി കണ്ടുമുട്ടാനുള്ള ആദ്യ അവസരവും.

ഏപ്രില്‍ 17 ന് ഉച്ചതിരിഞ്ഞായിരിക്കും ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. അതിനു മുന്നോടിയായി ഉച്ചതിരിഞ്ഞ് 3 മണിക്ക് രാജ്യം ഒരു മിനിറ്റ് മൗനം ആചരിക്കും. പ്രത്യേക രീതിയില്‍ രൂപകല്പന ചെയ്ത ലാന്‍ഡ് റോവറിലായിരിക്കും രാജകുമാരന്റെ ഭൗതികശരീരം വിലാപയാത്രയായി കൊണ്ടുപോവുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 30 പേര്‍ മാത്രമായിരിക്കും ചടങ്ങുകളില്‍ പങ്കെടുക്കുക. അദ്ദേഹത്തിന്റെ മക്കളു, കൊച്ചുമക്കളും അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുകുക.

മൃതദേഹം വഹിക്കുന്ന വാഹനത്തിനു തൊട്ടുപിന്നിലായി വില്യമിനോട് തോളോടുതോള്‍ ചേര്‍ന്നായിരിക്കും ഹാരി നടക്കുക. സൈനിക പദവികളും എടുത്തുകളഞ്ഞതിനാല്‍, സൈനിക് യൂണിഫോം ധരിച്ചായിരിക്കില്ല ഹാരി ചടങ്ങുകളില്‍ പങ്കെടുക്കുക.സഹോദരന്‍ വില്യമുമായി ഏറെ അകന്നിരിക്കുന്ന ഹാരിക്ക് പഴയ ബന്ധം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു അവസരമാണ് ഇതെന്നാണ് കൊട്ടാരം വൃത്തങ്ങളും അഭ്യൂദയകാംക്ഷികളും പറയുന്നത്. വിവാദ അഭിമുഖത്തിനു ശേഷം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എന്താണ് സംസാരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Comments are closed.