EBM News Malayalam

കൊവിഡ് വ്യാപനം : കാലാവധി അവസാനിക്കുന്ന എല്ലാ വാഹന രേഖകളുടെയും കാലാവധി മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ രാജ്യത്തെ കാലാവധി അവസാനിക്കുന്ന എല്ലാ വാഹന രേഖകളുടെയും കാലാവധി മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ്. പോലീസ് വാഹന പരിശോധനയില്‍ നിരവധി ട്രക്കുകള്‍ രേഖകള്‍ പുതുക്കാന്‍ കഴിയാതെ നിയമനടപടികള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

തുടര്‍ന്ന് 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരവും 1989ലെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍ പ്രകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍, കേന്ദ്ര-സംസ്ഥാന പെര്‍മിറ്റുകള്‍ എന്നിവയും കാലാവധി നീട്ടിനല്‍കിയ രേഖകളില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ച എല്ലാ രേഖകളും ജൂണ്‍ 30 വരെ സാധുതയുള്ളതായി കണക്കാക്കണമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൊവിഡ് അനുബന്ധ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നും എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനം 23 കോടി വ്യക്തിഗത വാഹന ഉടമകള്‍ക്കും 2.1 കോടി ട്രക്കുടമകള്‍ക്കും ആശ്വസിക്കാവുന്നതാണ്.

Comments are closed.