Ultimate magazine theme for WordPress.

കൊറോണ വൈറസിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 258 ആയി ; ഇന്നലെ മാത്രം മരിച്ചത് 45 പേര്‍

ദില്ലി: കൊറോണ വൈറസിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 258 ആയി. ഇന്നലെ മാത്രം മരിച്ചത് 45 പേരാണ്. 22 രാജ്യങ്ങളിലായി, പതിനായിരത്തോളം ആളുകള്‍ക്കാണ് നിലവില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 75,000 കടക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിഗമനം.

എന്നാല്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത കാലത്ത് ചൈന സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് അടക്കം അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം അറിയിച്ചിരുന്നു. സ്‌പെയിനിലും യുകെയിലും അടക്കം കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ യുറോപ്പിലും അതീവ ജാഗ്രതയാണുള്ളത്. അതേസമയം ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസുകള്‍ പൂട്ടിയിരുന്നു.

Comments are closed.