ജമ്മു കശ്മീരിലെ ടോള്‍ പ്ലാസയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച മൂന്നു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോട്ടയ്ക്ക് സമീപം ടോള്‍ പ്ലാസയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച മൂന്നു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ജമ്മു -ശ്രീനഗര്‍ ഹൈവേയില്‍ ബാന്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധയ്ക്കിടെയാണ് ട്രക്കില്‍ എത്തിയ ഭീകരര്‍ വെടിവച്ചത്. തുടര്‍ന്ന് ഒരു പോലീസുകാരന് പരിക്കേറ്റു. അതേസമയം രണ്ടു പേരെ സമീപത്തുള്ള വനമേഖലയിലും വച്ചാണ് വധിച്ചതെന്ന് പോലീസ് അറിയിച്ചു.
കത്വയിലെ ഹിരനഗറില്‍ നിന്നും നുഴഞ്ഞുകയറിയവരാണെന്നും ഇവര്‍ വിദേശികളാണെന്നുമാണ് നിഗമനം. തുടര്‍ന്ന് എ.കെ-47 റൈഫിള്‍ അടക്കം നിരവധി ആയുധങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൂടാതെ ട്രക്കിലെ സഹായിയും അറസ്റ്റിലായിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിനു ശേഷം മേഖലയില്‍ നടക്കുന്ന ആദ്യ ഭീകരാക്രമണമാണിത്. തുടര്‍ന്ന് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഉധംപൂര്‍ മേഖലയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരുന്നു. ഹൈവേ വഴിയുള്ള ഗതാഗതവും നിയന്ത്രിച്ചിരിക്കുകയാണ്.