Ultimate magazine theme for WordPress.

പൗരത്വ നിയമ ഭേദഗതി : പ്രമേയം പാസാക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനം പിന്‍വലിപ്പിക്കാന്‍ ഇന്ത്യ

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനം തടയാനും ഇന്ത്യന്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനും ഇന്ത്യ നീക്കം ആരംഭിച്ചു. എന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം യുറോപ്യന്‍ കൗണ്‍സിലിന്റെയോ യൂറോപ്യന്‍ കമ്മീഷന്റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.

അതേസമയം, യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ താല്‍ക്കാലികമായി ചെറിയ തോതില്‍ ബാധിക്കുമെന്നും കരുതുന്നു. എന്നാല്‍ ഇന്ത്യ നടപ്പാക്കിയ സിഎഎ നിയമത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വക്താവ് വിര്‍ജിനി ബട്ടു-ഹെന്റിക്‌സണ്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ അടുത്ത പങ്കാളിയാണ് ഇന്ത്യ എന്നതില്‍ സംശയമില്ല. വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

യൂറോപ്യന്‍ പാര്‍ലമെന്റിന്റെയോ അംഗങ്ങളുടെയോ അഭിപ്രായം യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ പറയുന്നു. അതേസമയം ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ചില്‍ ബ്രസ്സല്‍സിലെത്തുന്നുണ്ട്. അതിന് മുന്നോടിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബ്രസ്സല്‍സിലേക്ക് ഫെബ്രുവരി മധ്യത്തോടെ തിരിക്കുന്നതാണ്.

സിഎഎക്കെതിരെ ആറ് പ്രമേയങ്ങളുടെ കരടാണ് വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കരടുകള്‍ ഏകീകരിച്ച് ഒറ്റ പ്രമേയമായിട്ടായിരിക്കും അവതരിപ്പിക്കുക. സിഎഎ പൂര്‍ണമായും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയം പാസാക്കാനുള്ള തീരുമാനം അനാവശ്യമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

Comments are closed.