നിര്‍ഭയ കേസില്‍ പ്രതിയായ മുകേഷ് സിംഗിന്റെ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ മരണവാറണ്ട് ഫെബ്രുവരി ഒന്നിന് നടപ്പാക്കേണ്ടതിനാല്‍ വധശിക്ഷ വിധിച്ച പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി 17ന് തള്ളിയിരുന്നു.
തൂക്കിലേറ്റപ്പെടാന്‍ പോകുന്ന ഒരുവന്റെ ഹര്‍ജിയേക്കാള്‍ കൂടുതല്‍ അടിയന്തരമായി മറ്റൊന്നുമില്ലെന്നും ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യുന്നതിന് സുപ്രീം കോടതി രജിസ്ട്രിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ മുകേഷിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു. ജസ്റ്റീസുമാരായ ബി.ആര് ഗവായ്, സൂര്യകാന്ത് എന്നിവരും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക അപേക്ഷ നല്കി നാലു ദിവസത്തിനുള്ളിലാണ് തള്ളിയത്.
ഇതാദ്യമായാണ് ഒരു ദയാഹര്‍ജിയില്‍ ഇത്രയധികം വേഗത്തില്‍ തീരുമാനമെടുക്കുന്നത്. ജനുവരി 22ന് കുറ്റവാളികളെ തൂക്കിലേറ്റാനായിരുന്നു കോടതി ആദ്യം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. അതോസമയം 2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23കാരി ഡല്‍ഹി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ ക്രൂരമായ പീഡനത്തിന് ഇരയായത്. ആക്രമണത്തിനു ശേഷം റോഡിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കിടെ ഡിസംബര്‍ 29ന് മരണപ്പെട്ടു. ആറു പ്രതികളില്‍ ഒരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.