EBM News Malayalam
Leading Newsportal in Malayalam

ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി ; 323 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു

വുഹാന്‍: ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി. തുടര്‍ന്ന് 323 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം 2116 ആയി. കൂടാതെ ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ വൈറസ് ബാധിതന്‍ രോഗാണു വാഹകനാവുന്നു എന്നതാണ് ഇപ്പോഴത്തെ ആശങ്ക. അതേസമയം രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. നിലവില്‍ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കൊറോണ ദ്രുതഗതിയില്‍ പടരുന്നുവെന്നും സ്ഥിതി ഗുരുതരമാണെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ വുഹാനിലുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ആര്‍ക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വുഹാനിലെ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചുകൊണ്ടുപോകും. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് വന്ന അഞ്ചാമത് ഒരാള്‍ക്ക് കൂടി അമേരിക്കയില്‍ അണുബാധ സ്ഥിരീകരിച്ചു. കൂടാതെ ചൈനയില്‍ നിന്ന് കാനഡയിലെത്തിയ ഒരാളിലും വൈറസ് കണ്ടെത്തി.