EBM News Malayalam
Leading Newsportal in Malayalam

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം 25 ആയി ; 830 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ഭരണകൂടം

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം 25 ആയി. ഇതോടെ 830 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ഭരണകൂടം അറിയിച്ചു. അതിവേഗം പടരുന്ന കൊറോണ് വൈറസ് നിയന്ത്രണ വിധേയമാക്കാനായി ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നീ അഞ്ചു നഗരങ്ങള്‍ പൂര്‍ണമായി അടച്ചു.

ലൂണാര്‍ ന്യൂ ഇയര്‍ അവധി പ്രമാണിച്ച് ജനങ്ങള്‍ രാജ്യത്തുടനീളം സഞ്ചരിക്കുന്നത് കണക്കിലെടുത്താണ് അഞ്ചു നഗരങ്ങള്‍ പൂര്‍ണമായി അടച്ചത്. ഇതോടെ 20 മില്യണ്‍ ജനങ്ങള്‍ ഒറ്റപ്പെട്ടു. വുഹാന്‍ നഗരത്തില്‍ മാത്രമുളള 11 മില്യണ്‍ ജനങ്ങളോട് നഗരം വിടരുതെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

എന്നാല്‍ നഗരം പൂര്‍ണമായി അടച്ച വാര്‍ത്ത പുറത്തുവന്നതോടെ നഗരവാസികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേയ്ക്കും വിമാനത്താവളങ്ങളിലേയ്ക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

അതേസമയം വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നുള്ള 1072 പേരെ സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ നിരീക്ഷണത്തിലാണെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച 830 പേരില്‍ 177 പേരുടെ നില അതീവ ഗുരുതരമാണ്. 34 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വുഹാനിലെ കാലിച്ചന്തയില്‍ നിന്നും സീഫുണ്ടില്‍ നിന്നുമാണ് വൈറസ് മനുഷ്യരിലേയ്ക്ക് കടന്നതെന്നാണ് കണ്ടെത്തല്‍.