ഗുജറാത്തില്‍ എം.എല്‍.എയുടെ രാജി ; പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നാരോപിച്ച് സാവ്ളി മണ്ഡലം എം.എല്‍.എ കേതന് ഇനാംദാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ പ്രതിഷേധം. തുടര്‍ന്ന് ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് സാവ്ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബി.ജെ.പി നേതാക്കളും രാജിവെച്ചിരുന്നു.
സാവ്ളി മുനിസിപ്പല്‍ അധ്യക്ഷന്‍ കെ എച്ച് സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും വഡോദര ഡെയറി അധ്യക്ഷനും മുന്‍ എംഎല്‍എയുമായ പാദ്ര ദിനേശ് പട്ടേല്‍, കാര്‍ഷികോല്‍പ്പന്ന വിപണന സമിതിയിലെ അംഗങ്ങളും പാര്‍ട്ടി സ്ഥാനം വഹിക്കുന്നവരും രാജിസമര്‍പ്പിക്കുകയായിരുന്നു.
ബിജെപിയുമായി ഇടഞ്ഞ് സ്വതന്ത്രനായി വിജയിച്ച നേതാവായ കേതന് ഊര്‍ജമന്ത്രി സൗരഭ് പട്ടേലുമായുള്ള പ്രശ്നമാണ് ഇപ്പോഴത്തെ രാജിക്ക് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം എംഎല്‍എമാരായ മധു ശ്രീവാസ്തവ, യോഗേഷ് പട്ടേല്‍ എന്നിവര്‍ കേതന് പിന്തുണ നല്‍കിയിരുന്നു.
എംഎല്‍എയുടെ രാജി കൈവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം അനുനയ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. കേതന് ഇനാംദാറിനെ കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് ഇടപെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.