ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ തിരികെയെത്താനാകാതെ പെണ്‍കുട്ടികളടക്കം 20 മലയാളി വിദ്യാര്‍ത്ഥികള്‍
ദില്ലി: ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ തിരികെയെത്താനാകാതെ പെണ്‍കുട്ടികളടക്കം 20 മലയാളി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ കഴിയുന്നു. കോഴ്സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വകലാശാലയില്‍ തുടരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലായത്.
ആകെ 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുള്ളതില്‍ 20 പേര് മലയാളികളാണ്. എന്നാല്‍ നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വകലാശാല നിയന്ത്രണം കൊണ്ടുവരികയായിരുന്നു. അതേസമയം പുറത്തുപോകരുതെന്നും വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും കുട്ടികള്‍ക്ക് സര്‍വകലാശാല നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിയിരിക്കുകയാണ്. അതേസമയം വിദേശകാര്യമന്ത്രിക്ക് മെയില്‍ വഴി കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. വുഹാനില്‍ ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കി.