EBM News Malayalam
Leading Newsportal in Malayalam

സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പൗരത്വ ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപനത്തോട് സ്വീകരിക്കുന്ന സമീപനമെന്താകുമെന്നതു സംബന്ധിച്ച് ഇന്നലെ മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തിരുന്നു.

എന്നാല്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ മടക്കിയാലും രണ്ടാമത് സര്‍ക്കാര്‍ അയച്ചാല്‍ അത് അദ്ദേഹത്തിന് അംഗീകരിക്കാതിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം തിരുത്തല്‍ ആവശ്യപ്പെട്ടാല്‍ അതിനു സര്‍ക്കാര്‍ വഴങ്ങേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം മന്ത്രിമാരുടെയും അഭിപ്രായം.

അതിനാല്‍ നയപ്രഖ്യാപനം വായിക്കുകയെന്ന ഭരണഘടനാ ബാധ്യത അദ്ദേഹത്തിന് നിറവേറ്റാതിരിക്കാനാവില്ലെന്നും വിയോജിപ്പുള്ള ഭാഗങ്ങള്‍ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. എങ്കിലും മുഴുവന്‍ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാല്‍ നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിച്ചതായി കണക്കാക്കാമെന്നതിന് മുന്‍കാല റൂളിങ്ങുകളും കീഴ്വഴക്കങ്ങളുമുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള കേരള നിയമസഭയുടെ പ്രമേയം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അതേപടി പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.