EBM News Malayalam
Leading Newsportal in Malayalam

കെപിസിസി ഭാരവാഹിപ്പട്ടികയില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ഇന്ന് അവസാന വട്ട ചര്‍ച്ച

ദില്ലി: കെപിസിസി ഭാരവാഹിപ്പട്ടികയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലേക്ക് വിളിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഇന്ന് അവസാന വട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ്.

ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്ന നിലക്കാണ് നിലവിലെ പട്ടിക. ഇത് വെട്ടിച്ചുരുക്കാനാണ് ഗ്രൂപ്പ് നേതാക്കളെ കൂടി ദില്ലിക്ക് വിളിപ്പിച്ചത്. ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഇരു ഗ്രൂപ്പും 14 വീതം പേരുകളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്.

ഇതിനൊപ്പം സെക്രട്ടറിമാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തേക്ക് എത്തും. ഇതില്‍ അതൃപ്തി അറിയിച്ചാണ് വീണ്ടും ചര്‍ച്ചയ്ക്കായി ഇരുവരെയും വിളിപ്പിച്ചത്. അതേസമയം നേതാക്കള്‍ സമവായത്തിലെത്തിയാല്‍ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറുന്നതാണ്.