പൗരത്വ നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള ചീഫ്സെക്രട്ടറിയുടെ ശ്രമം വിഫലം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കിയതിന്റെ സാഹചര്യം വിശദീകരിക്കാന്‍ അയച്ച ചീഫ്സെക്രട്ടറി ടോം ജോസിന്റെ ശ്രമം വിഫലമായി. സര്‍ക്കാരിന്റെ വിശദീകരണം ബോധിപ്പിക്കാന്‍ ഇന്നലെ രാവിലെയാണ് രാജ്ഭവനില്‍ ചീഫ്സെക്രട്ടറി എത്തിയത്. എന്നാല്‍ ഗവര്‍ണര്‍, ചീഫ്സെക്രട്ടറിയുടെ വിശദീകരണം തള്ളുകയായിരുന്നു.
നിയമലംഘനം നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും തന്നെ അറിയിക്കാതെ പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത് നിയമവിരുദ്ധമാണെന്നും ഹര്‍ജി പിന്‍വലിക്കുകയാണ് പരിഹാരമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം നയപ്രഖ്യാപനത്തോടെ 30ന് നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭായോഗം ചര്‍ച്ചചെയ്ത ദിവസം തന്നെ ഗവര്‍ണര്‍ ഇടഞ്ഞത് സര്‍ക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.