Ultimate magazine theme for WordPress.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ നീങ്ങുന്ന ഗവര്‍ണറോട് പ്രകോപനത്തിന് മുതിരേണ്ടെന്ന നിലപാടില്‍ ഭരണനേതൃത്വം

തിരുവനന്തപുരം: പുതുവര്‍ഷത്തിലെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 30 ന് ആരംഭിക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നീങ്ങുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട്, അതേ നിലയിലുള്ള പ്രകോപനത്തിന് മുതിരേണ്ടെന്ന നിലപാടിലാണ് ഭരണനേതൃത്വം. തുടര്‍ന്ന് പ്രകോപനങ്ങള്‍ ഒഴിവാക്കി കരുതലോടെ നീങ്ങാനാണ് സര്‍ക്കാര്‍ നീക്കം. ഭരണഘടനാ ബാദ്ധ്യതയായതിനാല്‍ നയപ്രഖ്യാപനം ഗവര്‍ണര്‍ക്ക് നടത്താതിരിക്കാനാവില്ല.

അതില്‍ വിയോജിപ്പുള്ള ഭാഗം അദ്ദേഹത്തിന് വായിക്കാതിരിക്കാം. മന്ത്രിസഭ അംഗീകരിക്കുന്ന കരട് പ്രസംഗത്തില്‍ തിരുത്തലും ആവശ്യപ്പെടാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിന് ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി മറുപടി നല്‍കും. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കി നിയമവശങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയുള്ള മറുപടിയാവും നല്‍കുക. റൂള്‍സ് ഒഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നതാണ്.

തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കേണ്ടതും ഗവര്‍ണറാണ്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ പ്രസംഗത്തില്‍ നിലപാട് വിശദീകരിക്കാതിരിക്കില്ല. എന്നാല്‍ അന്നു തന്നെയാണ് ഇടതുപക്ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയും. റിപ്പബ്ലിക് ദിനത്തില്‍ വൈകിട്ട് രാജ്ഭവനില്‍ മന്ത്രിസഭാംഗങ്ങള്‍ക്കും പ്രതിപക്ഷനേതാവിനും മറ്റും ഗവര്‍ണര്‍ വിരുന്നൊരുക്കുന്ന അറ്റ് ഹോം എന്ന പരിപാടി പതിവുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം അതൊഴിവാക്കിയിരുന്നു. ഇക്കുറി അതുണ്ടാവുമോ എന്ന് വ്യക്തതയില്ല. അതേസമയം ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രാത്രിയോടെയേ മടങ്ങിയെത്തൂ. വിശദീകരണം ചോദിക്കുന്നെങ്കില്‍ അതിനു ശേഷമേ ഉണ്ടാകൂ. തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല; തിരിച്ചയച്ചിട്ടുമില്ല. ഒപ്പുവയ്ക്കില്ലെന്ന സൂചന അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ സ്ഥിതിക്ക് നിയമസഭയില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

Comments are closed.