കളിയിക്കാവിള കൊലപാതക കേസ് തൗഫീഖിനെയും ഷമീമിനെയും ഇന്ന് തമിഴ്നാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കും
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടിയിലായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് എഎസ്ഐ വില്സന് വെടിയേറ്റ് മരിച്ച ചെക്പോസ്റ്റില്‍ തമിഴ്നാട് പൊലീസ് ഇവരെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുകയും കൂടാതെ തമിഴ്നാട് കുഴിത്തറ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുകയുമാണ്.
ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് തമിഴ്നാട് ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം അറയിച്ചിരുന്നു.
കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമായി പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. തുടര്‍ന്ന് അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം കേരളത്തില്‍ ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്കിയ സയ്ദ് അലി അടക്കമുള്ള കൂട്ടാളികള്‍ ഇപ്പോഴും ഒളിവിലാണ്.