Ultimate magazine theme for WordPress.

ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും

ശബരിമല: ശബരിമലയില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ഇന്ന് മകരജ്യോതി തെളിയും. ഇന്ന് പുലര്‍ച്ചെ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ പുലര്‍ച്ചെ 2.09 ന് മകരസംക്രമപൂജയും സംക്രമാഭിഷേകവും നടത്തി. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയയിലെ നെയ്യാണ് സംക്രമ വേളയില്‍ അഭിഷേകം ചെയ്തിരുന്നു.

പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ശരംകുത്തിയിലെത്തുകയും തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും.പതിനെട്ടാംപടി കയറിയെത്തുന്ന തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, അംഗങ്ങളായ വിജയകുമാര്‍, കെ.എസ്. രവി, സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ് എന്നിവര്‍ സ്വീകരിക്കുകയും ചെയ്യും.

തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി സുധീര്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടത്തുന്നതാണ്. ഈ സമയം ആകാശത്ത് മകര നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി. പമ്പാനദിയെ ദീപാലംകൃതമാക്കി ഇന്നലെ നടന്ന പമ്പവിളക്കിലും പമ്പാസദ്യയിലും ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ പങ്കെടുത്തിരുന്നു. അതേസമയം തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.