പൗരത്വ നിയമ ഭേദഗതി : കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ദില്ലിയില്‍
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ ഗാന്ധിയുടെ വസതിയില്‍ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് പാര്‍ലമെന്റില്‍ നടക്കും. മൂന്ന് മണിക്കാണ് യോഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
തുടര്‍ന്ന് പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് നീക്കം. സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ആദ്യം അറിയിച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. പിന്നീട് ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. അതേസമയം പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ബിജെപി വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.