Ultimate magazine theme for WordPress.

യുക്രൈയ്ന്‍ വിമാന അപകടത്തില്‍ അസ്വഭാവികത ചൂണ്ടിക്കാട്ടി കാനഡയും യുകെയും

ടെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രൈയ്ന്‍ വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ അപകടത്തില്‍ അസ്വഭാവികത ചൂണ്ടിക്കാട്ടി കാനഡയും യുകെയും രംഗത്തെത്തിയിരിക്കുകയാണ്. ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് യുക്രൈയ്ന്‍ വിമാനം തകര്‍ന്നു വീണത്.

അതിനാല്‍ മിസൈല്‍ ആക്രമണം അടക്കമുള്ളവയുടെ സാധ്യതയും വിമാനം തകര്‍ന്നു വീണ സ്ഥലത്തു നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമോയെന്നതും അന്വേഷണ സംഘം പരിഗണിക്കുന്നുവെന്നാണ് യുക്രൈയ്ന്‍ സംഘം പറഞ്ഞത്. അതേസമയം ഇത് മനപൂര്‍വമായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതയ്ക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ഇറാന്റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന സാധുകകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.

എന്നാല്‍ അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്നും അതേസമയം തന്നെ മന:പൂര്‍വ്വമായിരിക്കാന്‍ സാധ്യതയില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. അതേസമയം അപകടം അന്വേഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായും വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കാന്‍ നിലവില്‍ ഇറാനിലുള്ള യുക്രൈയ്ന്‍ പ്രതിനിധിക്ക് അവസരം നല്‍കുമെന്നും തുടര്‍ന്ന് അന്വേകഷണത്തിനായി മറ്റു രാജ്യക്കാരുടെ പ്രതിനികളേയും സ്വാഗതം ചെയ്യുന്നുവെന്നും ഇറാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഇമാം ഖൊമെയ്നി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നു വീണതെന്നും അതേസമയം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിമാന ജീവനക്കാരുടെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ അറിയിച്ചു. സാങ്കേതിക പിഴവാകാം അപകടത്തിന് പിന്നിലെന്നായിരുന്നു ഇറാന്‍ ആദ്യം പറഞ്ഞത്, എന്നാല്‍ യുക്രൈയ്ന്‍ ഇത് തള്ളിയിരുന്നു.

Comments are closed.