നിര്‍ഭയ കേസ് : ഏഴ് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ
ദില്ലി: നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷയ്ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി മൂന്ന് മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചത്. നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ശിക്ഷയാണ് ഈ മാസം 22ന് നടപ്പിലാക്കുക. ഒന്നാം പ്രതിയായിരുന്ന രാം സിംഗ് 2013 മാര്‍ച്ച് 11ന് ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് 2015ല്‍ പുറത്തിറങ്ങിയിരുന്നു. പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയോട് മകന്റെ ജീവന് വേണ്ടി യാചിക്കുകയായിരുന്നു. എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി യാചിക്കുകയാണെന്നും മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് പറയുകയായിരുന്നു.
എന്നാല്‍ എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത് അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയുമെന്നും ഏഴ് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞിരുന്നു. ഇതോടെ കോടതി മുറിയില്‍ നിശബ്ദ പാലിക്കണമെന്ന് ജഡ്ജ് നിര്‍ദ്ദേശിക്കുകയായിരുന്നു. കൂടാതെ തന്റെ മകള്‍ക്ക് നീതി ലഭിച്ചുവെന്നും ജനുവരി 22 തന്റെ ജീവിതത്തിലെ സുപ്രധാന ദിനമാണെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.