EBM News Malayalam

പൗരത്വ നിയമം : ജാമിയ മിലിയ സര്‍വ്വകലാശാല തുറന്നതോടെ വിദ്യാര്‍ത്ഥി പങ്കാളിത്തം ഇരട്ടിയായി

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ക്യാംപസിന് മുന്നിലെ പ്രതിഷേധം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ജാമിയ മിലിയ സര്‍വ്വകലാശാല തുറന്നതോടെ പ്രതിഷേധത്തിലെ വിദ്യാര്‍ത്ഥി പങ്കാളിത്തം ഇരട്ടിയായി. കഴിഞ്ഞ ഡിസംബര്‍ 15-നുണ്ടായ സംഘര്‍ഷത്തോടെ ക്യാന്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഹോസ്റ്റലുകളും ഒഴിപ്പിച്ചു.

തുടര്‍ന്ന് കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജനുവരി അവസാനവാരത്തോടെ സെമസ്റ്റര്‍ പരീക്ഷകള്‍ കഴിയും. ഇതോടെ പരീക്ഷാചൂടില്‍ നിന്നും പ്രതിഷേധച്ചൂടിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തുമെന്നാണ് സമരസമിതി പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രതിഷേധത്തില്‍ തകര്‍ന്ന ജാമിയ സര്‍വ്വകലാശാലയിലെ ലൈബ്രറികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

സെമസ്റ്റര്‍ പരീക്ഷ അടുത്തതിനാല്‍ ലൈബ്രറികള്‍ അടഞ്ഞു കിടക്കുന്നത് വിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. 15നുണ്ടായ സംഘര്‍ഷത്തിലാണ് ജാമിയ സര്‍വ്വകലാശാലയിലെ ലൈബ്രറിയും വായനാ മുറിയും തകര്‍ന്നത്. വിദ്യാര്‍ത്ഥികളെ അന്വേഷിച്ചെത്തിയ പോലീസ് ലൈബ്രറി തല്ലിതകര്‍ക്കുയായിരുന്നുവെന്നാണ് ആരോപണം.

ലൈബ്രറി അടഞ്ഞു കിടക്കുന്നതിനാല്‍ റഫറന്‍സ് പുസ്തകങ്ങള്‍ കിട്ടുന്നില്ല. പരീക്ഷയാണെങ്കില്‍ പടിവാതില്‍ക്കലെത്തി. അന്വേഷണത്തിന്റെ ഭാഗമായുള്ള ഫോറന്‍സിക് പരിശോധന ഇനിയും നടന്നിട്ടില്ല. ഫോറന്‍സിക് പരിശോധനക്ക് ശേഷമേ അറ്റകുറ്റ പണികള്‍ നടക്കൂ.അതിനാല്‍ ലൈബ്രറി തുറക്കാന്‍ കാലതാമസമെടുക്കുമെന്നാണ് ജാമിയ സര്‍വ്വകാലശാല അധികൃതര്‍ പറയുന്നത്.