Ultimate magazine theme for WordPress.

റോയ് തോമസ് വധക്കേസില്‍ കേസിന് ശക്തമായ തെളിവുണ്ടെന്നും ജോളിക്ക് ശിക്ഷ ഉറപ്പെന്നും എസ് പി കെ ജി സൈമണ്‍

കോഴിക്കോട്: റോയ് തോമസ് വധക്കേസില്‍ കേസിന് ശക്തമായ തെളിവുണ്ടെന്നും പ്രധാന സാക്ഷികള്‍ റോയ് തോമസിന്റെ മക്കളാണെന്നും അതിനാല്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര എസ് പി കെ ജി സൈമണ്‍ വ്യകതമാക്കി. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ ജോളിയെ നിരീക്ഷിക്കാന്‍ അന്വേഷണ സംഘം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്നാണ് എസ്പി പറയുന്നത്. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കുന്നത്.

നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി പറയുന്നത്.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും വേഷം മാറി സഞ്ചരിച്ചുമാണ് കൂടത്തായി കൂട്ടകൊലപാതക കേസില്‍ ഇതുവരെ അന്വേഷണം നടന്നതെന്നും വടകര റൂറല്‍ എസ്പി വെളിപ്പെടുത്തി. ജോളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്ന കുറ്റപത്രം നല്‍കിയ ശേഷമാണ് എസ്പി പ്രതികരിച്ചത്.

Comments are closed.