Ultimate magazine theme for WordPress.

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി ഡല്‍ഹിയിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി ഡല്‍ഹിയിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നിരവധി ആക്രമണങ്ങളില്‍ സുലൈമാനിക്ക് പങ്കുണ്ടെന്നും ഡല്‍ഹിയിലും ലണ്ടനിലും ഉള്‍പ്പെടെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അയാള്‍ പദ്ധതിയിട്ടിരുന്നതായുമാണ് ട്രംപ് ആരോപിക്കുന്നത്.

ഇന്ത്യന്‍ വിദേശമന്ത്രാലയം ഇതേപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി ട്രംപിന്റെ ആരോപണം നിഷേധിക്കുകയായിരുന്നു. 2012 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥയെ ഉന്നം വച്ച് നടന്ന കാര്‍ ബോംബാക്രമണമാണ് ട്രംപ് പരാമര്‍ശിച്ചതെന്നാണ് സൂചന.

ഇസ്രയേലിന്റെ അന്നത്തെ പ്രതിരോധ അറ്റാഷെയുടെ ഭാര്യയായിരുന്ന ഉദ്യോഗസ്ഥ ഉള്‍പ്പെടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ടിബിലിസി, ജോര്‍ജിയ, ബാങ്കോക്ക് എന്നിവിടങ്ങളിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുമായി ഇതിന് ബന്ധം ഉണ്ടെന്നായിരുന്നു കേസന്വേഷിച്ച ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.

തങ്ങളുടെ ആണവശാസ്ത്രജ്ഞര്‍ക്കെതിരെ നടന്ന ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ സൈന്യത്തിന്റെ ഏജന്റുമാരാണ് ആ ആക്രമണങ്ങള്‍ നടത്തിയത്. ഡല്‍ഹി ആക്രമണത്തില്‍ അറസ്റ്റിലായ, ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയിലെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നിരപരാധികളുടെ മരണം സുലൈമാനിക്ക് മാനസിക വൈകൃതമായിരുന്നെന്ന് പറഞ്ഞ ട്രംപ് വധത്തെ ന്യായീകരിക്കുകയാണ് ചെയ്തത്.

Comments are closed.