Ultimate magazine theme for WordPress.

പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈനിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈനിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ / ജില്ലാ മജിസ്ട്രേറ്റ് മുഖേന പൗരത്വത്തിനുള്ള അപേക്ഷകള്‍ റൂട്ട് ചെയ്യുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കിയേക്കും.

ഇതിനു പരിഹാരമായി എല്ലാ രേഖകളും ഓണ്‍ലൈന്‍ വഴി സബ്മിറ്റ് ചെയ്യാനായിരിക്കും ആവശ്യപ്പെടുക. ഇതോടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത അവസ്ഥയാകും. തുടര്‍ന്ന് സെന്‍സസും സ്മാര്‍ട്ട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചെയ്യാനാണ് നീക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍.ഡി.എ. ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വലിയ എതിര്‍പ്പാണുള്ളത്.

എന്നാല്‍ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയെങ്കിലും നിയമം നടപ്പാക്കില്ലെന്ന് കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ പട്ടിക പ്രകാരം നിയമനിര്‍മാണം നടപ്പിലാക്കിയതിനാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

അതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Comments are closed.