EBM News Malayalam

ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: കരസേനാ മേധാവിയായി ജനറല്‍ എംഎം നരവണെ ചുമതലയേറ്റതിന് പിന്നാലെ രാവിലെ പത്തുമണിക്ക് പ്രതിരോധ മന്ത്രാലയത്തില സംയുക്ത സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. കരസേന മേധാവി സ്ഥാനത്തു നിന്നും ഇന്നലെയാണ് ജനറല്‍ റാവത്ത് വിരമിച്ചത്.

രാജ്യത്തിന്റെ 28 ാമത്തെ കരസേനാ മേധാവിയായി ജനറല്‍ എംഎം നരവണെ ചുമതലയേല്‍ക്കുകയും ചെയ്തു. കര, നാവിക, വ്യോമ സേനാ മേധാവികളും ഒപ്പമുണ്ടായിരുന്നു. മൂന്ന് സേനാ വിഭാഗങ്ങളും ജനറല്‍ റാവത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാഷ്ട്രപതിക്ക് കീഴില്‍ കര, നാവിക, വ്യോമസേനകളുടെ ഏകോപനച്ചുമതലയാണ് സംയുക്ത മേധാവിക്ക്. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയാണ്.

കൂടാതെ പ്രതിരോധ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേഷ്ടാവും സൈനികകാര്യ വകുപ്പിന്റെ തലവനും ഇനി ബിപിന്‍ റാവത്താണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണനയെന്നും സൈന്യത്തിന് തങ്ങളുടെ കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ എല്ലാം ആധുനിക സൗകര്യങ്ങളോടെ ചെയ്തു കൊടുക്കുമെന്നും ഏത് വെല്ലുവിളി നേരിടാനും സൈന്യം തയ്യാറെന്ന് പുതിയ കരസേന മേധാവിചുമതലയേറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ നാം പടിഞ്ഞാറന്‍ അയല്‍ക്കാരെയാണ് കുടുതല്‍ നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ വടക്കന്‍ അയല്‍ക്കാരെ കൂടി തുല്യ പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഏതുതരം വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. ഏതു വെല്ലുവിളികെ നേരിടാനും എപ്പോഴും സുസജ്ജമായി ഇരിക്കുക എന്നതിനുമാണ് പ്രാമുഖ്യം.

ഇത് ആധുനിക വല്‍ക്കരണത്തിലൂടെയെ സാധ്യമാകു. വടക്കന്‍ ഭാഗത്തും വടക്കുകിഴക്കന്‍ മേഖലകളിലും മികവ് കൂട്ടുമെന്നും ഇന്ത്യന്‍ സൈന്യം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ കര – നാവിക – വ്യോമ സേനകള്‍ സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.