EBM News Malayalam

പിസി ജോര്‍ജ് നല്‍കിയ ജാമ്യ ഹര്‍ജി ഉള്‍പ്പടെ മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എ പി സി ജോര്‍ജിന് ഇന്ന് നിര്‍ണായക ദിനം. പിസി ജോര്‍ജ് നല്‍കിയ ജാമ്യ ഹര്‍ജി ഉള്‍പ്പടെ മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അനന്തപുരിയില്‍ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷന്‍ ഹര്‍ജിയാണ് കോടതി ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് കേസ് പരിഗണിക്കുന്നത്.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഉച്ചയ്ക്ക് മറ്റൊരു ബഞ്ച് പരിഗണിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല എന്നുമാണ് പി സിജോര്‍ജിന്റെ വാദം.

അതേസമയം പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസില്‍ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈവശമുള്ളപ്പോള്‍ എന്തിനാണ് പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നത് എന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും.

തിരുവനന്തപുരത്ത് ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജിന് നല്‍കിയ ജാമ്യം റദ്ദാക്കിയത്. ശേഷം കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ജോര്‍ജിനെ അര്‍ധ രാത്രി തന്നെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ ഇന്നലെ രാവിലെ ഹാജരാക്കിയ ശേഷം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ തിടുക്കത്തിലുള്ള നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാരാണെന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.

Leave A Reply

Your email address will not be published.